Tuesday 21 May 2013

പ്രാര്‍ത്ഥന


സന്ധ്യാനാമം ചൊല്ലിക്കൊണ്ടിരുന്ന മനുവിന്റെ പ്രാര്‍ഥന കേട്ട് മുത്തശ്ശി അടുത്തേക്ക് വന്നു ചോദിച്ചു,
"നീ  ഇത് എന്തൊക്കെയാടാ പറഞ്ഞുകൊണ്ട് ഇരിക്കുന്നത്?”

"അത് പിന്നെ മുത്തശ്ശി അല്ലേ പറഞ്ഞത് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് എന്തും ദൈവം തരും എന്ന് ?"

"പ്രാര്‍ത്ഥിക്കുന്നത് എല്ലാം തരുക മാത്രമല്ല, നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ ദൈവം പൊറുക്കുകയും ചെയ്യും,പിന്നെയെല്ലാം താന്‍ പാതി ദൈവം പാതി.
പക്ഷെ അതിനു നീ ഇപ്പോള്‍ എന്താ പ്രാര്‍ത്ഥിക്കുന്നത് ? "മുത്തശി ചോദിച്ചു.

"അതേ മുത്തശ്ശി, എന്റെ കൂട്ടുകാരന്റെ കൈയില്‍ ഒരു കളര്‍ ബോക്സ് ഉണ്ട്. അത് പോലെ ഒന്ന് എനിക്കും കിട്ടാനാ മുത്തശ്ശി ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് .”

അങ്ങനെ എങ്കിലും അവന്‍ പ്രാര്‍ത്ഥിക്കുന്നല്ലോ എന്ന് കരുതി മുത്തശ്ശി ഒന്നും മിണ്ടിയില്ല.മനു ദിവസവും തന്റെ പ്രാര്‍ത്ഥന തുടര്‍ന്നു എങ്കിലും  ഒന്നും സംഭവിച്ചില്ല.
പക്ഷെ ഒരു ദിവസം, മനു കൈയ്യില്‍ ഒരു കളര്‍ ബോക്സും പിടിച്ചുകൊണ്ടിരുന്ന് പ്രാര്‍ത്ഥിക്കുകയാണ്.
     "ദൈവമേ എന്നോട് പൊറുക്കണേ ... എനിക്കറിയാം ദൈവം എന്റെ തെറ്റൊക്കെ പൊറുക്കുമെന്ന്.” .
        മനുവിന്റെ പ്രാര്‍ത്ഥന കേട്ട് മുത്തശി അമ്പരന്നു.
"എവിടെ നിന്നാടാ നിനക്ക് ഈ കളര്‍ ബോക്സ്  കിട്ടിയത് ? "മുത്തശ്ശി ചൂടായി.
"മുത്തശ്ശീ... പ്രാര്‍ത്ഥിച്ചത് കൊണ്ട് മാത്രം ഒന്നും കിട്ടില്ലെന്ന് എനിക്ക് മനസിലായി. അപ്പോള്‍ ഞാന്‍ ഒരു ബുദ്ധി പ്രയോഗിച്ചു , കൂട്ടുകാരന്റെ കൈയ്യീന്ന് കളര്‍ ബോക്സ് അടിച്ചു മാറ്റി .അങ്ങനെ എന്റെ പാതി ചെയ്തു. ഇനി ദൈവം മാപ്പ് തന്നാല്‍ മാത്രം മതിയല്ലോ?”
ദൈവം പൊറുക്കും എന്നല്ലേ മുത്തശ്ശി പറഞ്ഞത്.ഇനി ദൈവം ദൈവത്തിന്റെ പാതി ചെയ്യട്ടെ.

No comments:

Post a Comment

Total Pageviews