Sunday 26 May 2013

എന്റെ പഠനയാത്ര - -നിധി നിഖില്‍ (B.R.C അങ്കമാലി.)


ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ എനിക്ക് ഒരാഗ്രഹം .ഒരുപഠനയാത്രക്കു പോയാലോ? എങ്ങോട്ടാണ് പോവുക. ഞാന്‍ ആലോചിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.മുറ്റത്തിനു താഴെ മൂന്നു നടക്കല്ലുകള്‍ ഉണ്ട്.ഒരോനടയും ഒറ്റക്കല്ലില്‍ കൊത്തിയതാണെന്ന് മുത്തശ്ശി പറഞ്ഞത് ഞാനോര്‍ത്തു.ഉറുമ്പിന്‍ കൂട്ടങ്ങള്‍ നടക്കല്ലിന്റെ അരികിലൂടെ വളരെ അനുസരണയില്‍ ധൃതിയില്‍ നടന്നു പോകുന്നു.ഞാന്‍ അവരുടെ പോക്കുനോക്കി അല്‍പ്പനേരം നിന്നുപോയി.എങ്ങനെയാണ് അവ വരിതെറ്റാതെ ഇങ്ങനെ പോകുന്നത്?ഞാന്‍ വീണ്ടും നടന്നു. അമ്മുച്ചേച്ചി പൂന്തോട്ടം നനയ്ക്കുകയാണ്.എന്നെ കണ്ടതും അമ്മുച്ചേച്ചി വിളിച്ചു.ഉണ്ണീ.....,ദേ നോക്ക്,നിന്റെ റോസാച്ചെടിയില്‍ മൊട്ടിട്ടിരിക്കുന്നു.റോസാക്കമ്പ് നട്ടതല്ലാതെ ആ പരിസരത്തേക്ക് ഞാന്‍ പോയിട്ടില്ല.എല്ലാം അമ്മുച്ചേച്ചിയാണ് നോക്കി പരിപാലിക്കുന്നത്.ഏതെല്ലാം തരം ചെടികളാണ്.എല്ലാം ആദ്യമായി കാണുന്നതുപോലെ എനിക്കുതോന്നി.ഒപ്പം ലജ്ജയും. ചിത്രശലഭങ്ങള്‍ എന്നേക്കാള്‍ എത്രമിടുക്കരാണ്.അവര്‍ രാവിലെ തന്നെ അവരുടെ ജോലിതുടങ്ങി.ചെടിത്തോട്ടത്തില്‍ നിന്ന് എന്റെ ശ്രദ്ധതിരിച്ചത് മുറ്റത്തെ നാട്ടുമാവില്‍ നിന്നുള്ള ഒരു കിളിനാദമാണ്.ഒരു മഞ്ഞക്കിളി.മഞ്ഞയും കറുപ്പും നിറത്തില്‍ മൈനയേക്കാള്‍ കുറച്ചുകൂടി വലുപ്പത്തിലുള്ള ഒരു പക്ഷി.എന്തായിരിക്കും ഇതിന്റെ പേര്.ഞാന്‍ അടുത്തുചെന്നതും അത് ശബ്ദിച്ചുകൊണ്ട് എങ്ങോട്ടോ പറന്നു പോയി.
അമ്മ അടുക്കളത്തോട്ടത്തില്‍ നിന്നും പയര്‍ പറിക്കുകയാണ്. ഞാന്‍ അമ്മയെ സഹായിക്കാന്‍ കൂടി അമ്മ ഒരു മിടുക്കി തന്നെ എന്തൊക്കയാ കൃഷിചെയ്തുണ്ടാക്കിയിരിക്കുന്നേ. വെണ്ടയ്ക്കാ,വെള്ളരി,മത്തന്‍ അങ്ങനെയങ്ങനെ...ഉണീ... ആ ഉണങ്ങിയ പയറ് പറിക്കല്ലേ...അത് വിത്തിനിട്ടിരിക്കുന്നതാ.വിത്തിനോ? ങാ അതെ അമ്മ ധൃതിയില്‍ അടുക്കളയിലേക്കുപോയി. ഞാന്‍ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ നടന്നു. ദാമുവേട്ടന്‍ റബ്ബര്‍ മരങ്ങള്‍ ടാപ്പുചെയ്യുന്നു.പ്ലാസ്റ്റിക്ക് ചിരട്ടയിലേക്ക് പാല്‍ ഇറ്റുവീഴുന്നത് അല്പനേരം ഞാന്‍ നോക്കിനിന്നു.റബ്ബര്‍മരത്തിന്റെ ഇലകളൊക്കെ തളിര്‍ത്തുവന്നിട്ടുണ്ട്.വെട്ട് നിര്‍ത്താറായി എന്ന് ദാമുവേട്ടന്‍ ഇന്നലെ പറയുന്നതു കേട്ടു.ഞാന്‍ വീണ്ടും നടന്നു. എന്താ ഒരു ശബ്ദം,തവള കരയുന്നതാണല്ലോ.ഞാന്‍ അങ്ങോട്ടു ചെന്നു.ഒരു തടിയന്‍ ചേര തവളയെ പിടിച്ചിരിക്കുന്നു.ഞാന്‍ പേടിച്ച് ദാമുവേട്ടന്റെ അടുത്തേക്കോടി.പാവം തവള .ഞാന്‍ പറയുന്നതുകേട്ട് ദാമുവേട്ടന്‍ ചിരിച്ചു.അല്ലെങ്കിലും ദാമുവേട്ടന്‍ ഇങ്ങനെയാ. ഞാനെന്തുപറഞ്ഞാലും അപ്പോള്‍ ചിരിക്കും.ഉണ്ണീ....ഉണ്ണീ.... അമ്മ വിളിക്കാന്‍ തുടങ്ങി.സ്ക്കൂളില്‍ പോകാന്‍ നേരമായിക്കാണും. സമയം പോയതറിഞ്ഞില്ല.ഞാന്‍ വീട്ടിലേക്ക് നടന്നു.ഉണ്ണീ... നീ ഇതെവിടെ പോയതാ?അമ്മ ചോദിച്ചു. അമ്മേ ഞാനൊരു പഠനയാത്ര പോയതാ...ഞാന്‍ ഉത്സാഹത്തോടെ പറഞ്ഞു.പഠനയാത്രയോ?അമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.ഞാന്‍ ടീച്ചറോട് ചോദിക്കാന്‍ ഒരു നൂറു സംശയങ്ങളുമായി എന്റെ പഠനമുറിയിലേക്കും...

No comments:

Post a Comment

Total Pageviews